Saturday, January 12, 2013

ചെട്ടിനാട്‌ കോഴി ബിരിയാണി

ചെട്ടിനാട്‌ കോഴി ബിരിയാണി.


പച്ച ബിരിയാണി.. നല്ല എരുവാണ്‌ ട്ടൊ.. കൈരളിയില്‍ വരുന്ന ചേച്ചീടെ പാചകം കേട്ട്‌ പഠിച്ചതാണ്‌.. മല്ലിയിലയുടെ കുത്ത്‌ വരും എന്നൊക്കെ പേടി ഉണ്ടായിരുന്നു.. ഒന്നും സംഭവിച്ചില്ല. പണ്ട്‌ ചെന്നൈയിലെ മൈലാപ്പൂരില്‍ അഞ്ചപ്പറില്‍ കയറി കഴിച്ച ബിരിയാണീടെ അതേ സ്വാദ്‌ കിട്ടി.. ചേച്ചി ഒരു സംഭവം ആണ്‌ ട്ടൊ..

കൂട്ടുകളൊക്കെ പാചകം ചെയ്തു വരുമ്പോള്‍ പറയാട്ടൊ.. നന്നായി ബിരിയാണി വച്ച്‌ ശീലമുള്ളവര്‍ക്ക്‌ ഇത്‌ വേണ്ടി വരില്ലെന്നറിയാം. പക്ഷെ ആദ്യമായി ബിരിയാണി വയ്ക്കാന്‍ പോകുന്നവര്‍ സ്വന്തം റിസ്കില്‍ പരീക്ഷിക്ക്യ.. ഞാന്‍ അതാണ്‌ ചെയ്തത്‌. ഇതു വരെ ഞാന്‍ ബിരിയാണി ഉണ്ടാക്കിയിട്ടേ ഇല്ല..

മൂന്ന് കപ്പ്‌ ബിരിയാണി അരി നന്നായി കഴുകി  പതിനഞ്ച്‌  മിനിറ്റ്‌ വെള്ളത്തില്‍ കുതിര്‍ത്ത്‌ വയ്ക്കുക. ഇതു ചെയ്യുന്നതിനു മുന്‍പ്‌ കുറിപ്പ്‌ മുഴുവന്‍ വായിക്കുന്നതാണ്‌ ബുദ്ധി. ചേര്‍ക്കേണ്ട സാധനങ്ങള്‍ എല്ലാം തയ്യാറാക്കി വച്ചിട്ട്‌ തുടങ്ങുകയാണെങ്കില്‍ പെട്ടെന്ന് പരിപാടി കഴിയും.

ഒരു ടീസ്പൂണ്‍ നെയ്യില്‍ വറുത്തെടുക്കുക. കണ്ണാടി പോലെ ആകുന്നതാണ്‌ പാകം. ഞാന്‍ വറുത്തപ്പോള്‍ അരി പൊടിഞ്ഞു. അങ്ങനെ വരാതെ നോക്കണം. അതാണ്‌ ആദ്യമായി ഉണ്ടാക്കുമ്പോള്‍ ഉള്ള കുഴപ്പം. ഞാന്‍ ഇതു വരെ അരി വറുത്ത്‌ ഒന്നും ചെയ്തിട്ടില്ല. ഹീ ഹീ..

ടീസ്പൂണും ടേബിള്‍ സ്പൂണും തമ്മില്‍ ഉള്ള വ്യത്യാസം -- മൂന്ന് ടീ സ്പൂണ്‍ = ഒരു ടേബിള്‍ സ്പൂണ്‍. .


നെയ്യ്‌, ഓയില്‍ എന്നിവ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ഒരു പാനില്‍ ചൂടാക്കുക. അടിവശം നല്ല കട്ടി ഉള്ള പാന്‍ ആയിരിക്കണം. അല്ലെങ്കില്‍ വിവരം അറിയും. പാന്‍ ആണ്‌ ഉപയോഗിയ്ക്കുന്നതെങ്കില്‍ കോഴി ഇടുന്നതിന്‌ മുന്‍പ്‌ അടച്ച്‌ വയ്ക്കാവുന്ന വേറെ ഒരു പാത്രം ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ബിരിയാണി വയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്ന അടിവശം കട്ടി ഉള്ള പാത്രത്തില്‍ തന്നെ പാചകം തുടങ്ങാവുന്നതാണ്‌. മൂന്ന് കപ്പ്‌ അരിയാണ്‌ ഉപയോഗിയ്ക്കുന്നത്‌. ഒരു മുഴുവന്‍ കോഴിയും. അത്രയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാത്രം തന്നെ തിരഞ്ഞെടുക്കണേ..

നെയ്യ്‌ പുകഞ്ഞു കേടാവുന്നതിനു മുന്‍പേ, താഴെ പറയുന്ന ക്രമത്തില്‍ കൂട്ടുകള്‍ ചേര്‍ത്ത്‌ വഴറ്റിക്കൊണ്ടിരിയ്ക്കുക. കരിയാതെ നോക്കണം. എണ്റ്റെ മനോധര്‍മ്മം അനുസരിച്ചാണ്‌ ഞാന്‍ ചേര്‍ത്തത്‌. ചേച്ചി പറഞ്ഞ എണ്ണം എനിക്ക്‌ ഓര്‍മ്മയില്ല.

വഴനയില - ഒന്ന്.
കറുവാപ്പട്ട - ഒരു കഷ്ണം.
ഗ്രാമ്പൂ - നാലെണ്ണം.
ഏലക്കായ - രണ്ടെണ്ണം. വേണെങ്കില്‍ ചതച്ചിടാവുന്നതാണ്‌. ...
ഇഞ്ചി അരച്ചത്‌ - അര ടേബിള്‍ സ്പൂണ്‍. (( (സ്വര്‍ണ്ണ നിറം ആകുന്നതു വരെ).
വെളുത്തുള്ളി അരച്ചത്‌ - അര ടേബിള്‍ സ്പൂണ്‍. ( (സ്വര്‍ണ്ണ നിറം ആകുന്നതു വരെ).
പച്ചമുളക്‌ എട്ടെണ്ണവും പെരുംജീരകം അര ടീസ്പൂണും ചേര്‍ത്ത്‌ അരച്ചത്‌. ( (പച്ച മണം മാറുന്നത്‌ വരെ).
ഒരു വലിയ സബോള ചെറുതായി അരിഞ്ഞത്‌ (ബ്രൌണ്‍ നിറം ആകുന്നതു വരെ).

ഇനി ഇലകള്‍ ആണ്‌ ചേര്‍ത്ത്‌ വഴറ്റേണ്ടത്‌. വേവ്‌ പാകമായിരിക്കണം. അല്ലെങ്കില്‍ അതിണ്റ്റെ കുത്ത്‌, ഇതിണ്റ്റെ മണം എന്നൊക്കെ കഴിയ്ക്കുന്നവര്‍ പരാതി പറയും. അങ്ങോട്ട്‌ വേവട്ടേന്നെയ്‌.. --.. അടി പിടിയ്ക്കരുത്‌ ട്ടോ. ഇത്‌ വരെ വല്ലതും അടി പിടിച്ചെങ്കില്‍ അതൊക്കെ ഇതില്‍ ശരിയാകും ..

പുതിന (മിണ്റ്റ്‌) ) ഇല ഒരു കെട്ട്‌ അരച്ചത്‌ .
മല്ലിയില ഒന്നര കെട്ട്‌ അരച്ചത്‌ . ഒരു കെട്ടായാലും മതി ട്ടൊ..
ആ പച്ച നിറം വരുന്നത്‌ ഇവിടെ നിന്നാണ്‌.

മഞ്ഞള്‍പ്പൊടി അര ടേബിള്‍ സ്പൂണ്‍.
തൈര്‌ - അധികം പുളിയില്ലാത്തത്‌ അര കപ്പ്‌. ഒരു കപ്പായാലും കുഴപ്പമില്ല.
പാകത്തിന്‌ ഉപ്പ്‌ ചേര്‍ക്കാം. ഇനി വേറെ ഉപ്പിടല്‍ ഒന്നും ഇല്ല. രണ്ട്‌ ടീസ്പൂണ്‍ ആണ്‌ ഞാന്‍ ഇട്ടത്‌. പാകമായിരുന്നു. ചിക്കനില്‍ ഉപ്പ്‌ പിടിയ്ക്കാന്‍ ഉള്ള സമയം കൊടുക്കണം.

രണ്ട്‌ തക്കാളി നാലായി മുറിച്ചത്‌- എട്ടായി മുറിച്ചാലും കുഴപ്പമില്ല. നന്നായി വേവുന്ന വരെ ഇളക്കണം. തീ കുറച്ച്‌, വളരെ കുറച്ച്‌ വയ്ക്കുക.

ഒരു വലിയ കോഴി(ചെറുതായാലും കുഴപ്പമില്ല. നാലു പേര്‍ക്ക്‌ കഴിക്കാന്‍ പാകത്തിന്‌). ) പതിനഞ്ച്‌  കഷ്ണം ആക്കിയത്‌. ((കഴുകി വൃത്തിയാക്കിയത്‌ വേണം). ഇതു ചേര്‍ത്ത്‌ അഞ്ച്‌ മിനിറ്റ്‌ വഴറ്റാനാണ്‌ ചേച്ചി പറഞ്ഞത്‌. ഈ മസാലകളും ഉപ്പും കോഴിയില്‍ പിടിയ്ക്കാന്‍ ഈ അഞ്ചു മിനിറ്റ്‌ മതിയാവുമോ എന്നറിയില്ല ട്ടൊ.. ആ അഞ്ച്‌ മിനിറ്റ്‌ ഞാന്‍ പാത്രം അടച്ച്‌ വച്ചാണ്‌ ചൂടാക്കിയത്‌. കോഴി വേവുമോ എന്ന് എനിക്ക്‌ സംശയം ഉണ്ടായിരുന്നു. വെന്തു ട്ടൊ..

ഇനി ബിരിയാണി അരി വറുത്തത്‌ ചേര്‍ത്ത്‌ വഴറ്റുക.

നാല്‌ കപ്പ്‌ തിളച്ച വെള്ളം ചേര്‍ത്ത്‌ നന്നായി ഇളക്കുക. അഞ്ച്‌   കപ്പ്‌ ആയാലും കുഴപ്പമില്ല. അരി വേവണം. നന്നായി അടച്ച്‌ വയ്ക്കുക. ഇടയ്ക്ക്‌ തുറന്ന് ഇളക്കിക്കൊടുക്കണം. വെന്ത്‌ വെള്ളം വറ്റിയാല്‍ ഇറക്കി വയ്ക്കാം. ബിരിയാണി തയ്യാര്‍..

തൈര്‌ സലാഡ്‌ കൂടെ കൊടുക്കാവുന്നതാണ്‌. പപ്പടം ഒന്നും വേണമെന്നില്ല. വെള്ളം അടുത്ത്‌ തന്നെ വച്ച്‌ കഴിയ്ക്കുന്നത്‌ നല്ലതായിരിയ്ക്കും. നല്ല എരുവാണ്‌. പച്ച മുളകിണ്റ്റെ എണ്ണം കൂടുന്നതനുസരിച്ച്‌ എരിവ്‌ വീണ്ടും കൂടും.

Enjoy....

Wednesday, December 12, 2012

പുഴുക്ക്‌

പുഴുക്ക്‌

ചക്ക / ചേനയും മുതിരയും / കൊള്ളി അഥവാ കപ്പ / പിന്നെ നല്ല ചേരുവകള്‍ ഉണ്ടെങ്കില്‍ അത്‌..
ഇതില്‍ ഏതെങ്കിലും മതി ട്ടൊ..

കഷ്ണങ്ങളും അല്‍പ്പം മഞ്ഞപ്പൊടിയും ഉപ്പും ഇട്ട്‌  ആവ്ശ്യത്തിന്‌  വെള്ളം ഒഴിച്ച്‌ വേവിയ്ക്കുക .

നാളികേരം ജീരകം എന്നിവ അരച്ചതും, നാളികേരം, ഉള്ളി, പച്ചമുളക്‌ എന്നിവ ചതച്ചതും ചേര്‍ത്ത്‌ തിളപ്പിയ്ക്കുക.

പാകമാകുമ്പോള്‍ പച്ച വെളിച്ചെണ്ണ ഒഴിയ്ക്കുക.
കറിവേപ്പില ഇടുക.
സംഭവം റെഡി..

കഞ്ഞിയുടെ കൂടെ കഴിയ്ക്കാം. ചുമ്മാ കോരിക്കഴിയ്ക്കാം.. ചപ്പാത്തിയുടെ കൂടെ വരെ കൂട്ടിക്കഴിയ്ക്കാം.. അതൊക്കെ ഉണ്ടാക്കുന്നവരുടേം കഴിയ്ക്കുന്നവരുടേം ഇഷ്ടം..

***

ഉണ്ണിയപ്പം

ഞാനിന്ന് ഉണ്ണിയപ്പം ഉണ്ടാക്കി. ആദ്യ പ്രയത്നം ആണ്‌ ട്ടൊ.. പരീക്ഷണം തന്നെ.. കാരോല്‍ വാങ്ങി വച്ചിട്ട്‌ ഇതു വരെ പൊതി തുറന്നിട്ടില്ലായിരുന്നു. അഞ്ച്‌ കുഴികള്‍ ഉള്ള കാരോല്‍ ആണ്‌. ആദ്യം ഉണ്ടാക്കിയത്‌ , അഞ്ച്‌  എണ്ണവും കരിഞ്ഞു. ഹിഹി.. പിന്നെ ഉണ്ടാക്കിയ അഞ്ചെണ്ണം നന്നായി. കുറ്റം പറയാതെ കെട്ട്യോന്‍ കഴിച്ചു. അതാണ്‌ അതിണ്റ്റെ ഹൈലൈറ്റ്‌.. .

 അപ്പൊ നമുക്കു തുടങ്ങാം? ഉണ്ണിയപ്പം അഥവാ കാരോലപ്പം ..

നമുക്ക്‌ ആവശ്യമായ കൂട്ടുകള്‍ താഴെപ്പറയുന്നവയാണ്‌.. :

ശര്‍ക്കര ഉരുക്കിയത്‌ - ആവശ്യത്തിന്‌(അധികം ആയാല്‍ അടി പിടിയ്ക്കും, മൃദുത്വം കുറയും).
ഒരു കപ്പ്‌ അരിപ്പൊടിയ്ക്ക്‌ ഒരു കപ്പിണ്റ്റെ മൂന്നിലൊന്ന് മൈദ ( മൃദു ആകാന്‍)
നാളികേരക്കൊത്ത്‌ (സ്വാദിന്‌).. )
മൂന്ന് ഏലക്കായ പൊടിച്ചത്‌..

ഈ പറഞ്ഞവയൊക്കെ കോരി ഒഴിയ്ക്കാവുന്ന പരുവത്തില്‍ കുറുക്കി എടുക്കുക. ആറുമുതല്‍ എട്ട്‌ വരെ മണിക്കൂറുകള്‍ ഇതു അവിടെ ഇരിക്കട്ടെ.

അപ്പക്കാര അഥവാ കാരോലില്‍ നിറയെ എണ്ണ(സണ്‍ഫ്ളവര്‍, വെളിച്ചെണ്ണ, ഏതെങ്കിലും മതി) ഒഴിയ്ക്കുക (ഡാല്‍ഡയോ നെയ്യോ ചേര്‍ക്കാവുന്നതാണ്‌ ). ചൂടാക്കുക.
പാകത്തിന്‌ ചൂടായാല്‍ നമ്മുടെ മിശ്രിതം കോരി ഒഴിയ്ക്കുക.
തിളച്ച്‌ പൊന്തുമ്പോള്‍ മറിച്ചിടുക. രണ്ട്‌ ഭാഗമായാല്‍ പപ്പടം കുത്തി കൊണ്ടോ സ്പൂണുകൊണ്ടോ കുത്തി എടുക്കാവുന്നതാണ്‌. ഒരു കടലാസില്‍ ഇട്ട്‌ എണ്ണ വലിച്ചെടുക്കുന്നത്‌ നല്ലതായിരിയ്ക്കും. എണ്ണകുടിയന്‍ ആണ്‌ അപ്പം.

വേറെ ഒരു പരിപാടി കൂടെ ചെയ്യാവുന്നതാണ്‌. അരിപ്പൊടിയ്ക്ക്‌ പകരം ഗോതമ്പ്‌ പൊടി(ആട്ട), റവ എന്നിവയുടെ കൂട്ട്‌ ഉപയോഗിക്കാം. ഇതാവുമ്പോള്‍ ഒരു മണിക്കൂറ്‍ വച്ചാല്‍ മതി. പെട്ടെന്ന് ഉണ്ടാക്കി തുടങ്ങാം.

***

Tuesday, May 1, 2012

അടപ്രഥമന്‍

അടപ്രഥമന്‍.


ശര്‍ക്കര ഉരുക്കുക. പൂഴി കളയുക. അരിച്ചാല്‍ പൂഴി പോകില്ല. ഇത്‌  അമ്മ എന്നോട്‌ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. അരിച്ചുമില്ല. പൂഴി ഉണ്ടായിരുന്നതായി എനിക്ക്‌ തോന്നിയതും ഇല്ല. രണ്ടാമത്‌ ഉണ്ടാക്കിയപ്പോള്‍ ചുമ്മാ ശര്‍ക്കര ഉരുക്കിയതിന്‌ ശേഷം വേറെ പാത്രത്തിലേയ്ക്ക്‌ ആക്കി. നോക്കിയപ്പൊ ആദ്യ പാത്രത്തിണ്റ്റെ അടിയില്‍ പൂഴി ഉണ്ടായിരുന്നു. ഇതാണ്‌ പറയുന്നത്‌, മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക, ആദ്യം കയ്ക്കും, പിന്നേം കയ്ക്കും എന്ന്‌. :)


അടുപ്പത്തിരിയ്ക്കുന്ന ഈ ശര്‍ക്കര വെള്ളത്തില്‍, ശര്‍ക്കരയുടെ അത്ര തന്നെ അടയും ഇടുക. അല്‍പ്പം നെയ്യും ഒഴിയ്ക്കുക. നന്നായി വേവട്ടെ. ശര്‍ക്കരയുടെ പച്ച മണം പോകുകയും വേണം.


അട പാകം ആകുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിയ്ക്കുക. നല്ല കട്ടിയുള്ള പാല്‍ ആണ്‌ നല്ലത്‌. അധികം വെള്ളമായാല്‍ വറ്റാന്‍ സമയം എടുക്കും. പാലിന്‌ കട്ടി കുറഞ്ഞാല്‍ പായസത്തിന്‌ സ്വാദ്‌ കുറയും. പാകത്തിന്‌ വറ്റിയ്ക്കുക.


തേങ്ങാക്കൊത്ത്‌, അണ്ടിപ്പരിപ്പ്‌ മുന്തിരി എന്നിവ നെയ്യില്‍ വറുത്തിടാം. ആ നെയ്യ്‌ പായസത്തില്‍ ഒഴിയ്ക്കണ്ട. സ്വാദ്‌ കുറയും. ഒഴിച്ചാലും കുഴപ്പമില്ല കേട്ടോ..


ഏലക്കായ പൊടിച്ചിടുക. പായസം തയ്യാര്‍.. :)


ഇനി, അട ഉണ്ടാക്കേണ്ട വിധം.. അരിപ്പൊടി, വെളിച്ചെണ്ണ ഒഴിച്ച്‌ ലൂസായി കുഴയ്ക്കുക.  വാഴയിലയില്‍ അണിയുക. ഇല ചുരുട്ടുക. ചുരുട്ടിക്കൂട്ടരുത്‌ ട്ടോ.. ഒരു കുഴല്‍ പോലെ ചുരുട്ട്യാ മതി. നമ്മള്‍ പരീക്ഷാപേപ്പര്‍ ചുളിവു വീഴാതെ ചുരുട്ടുന്ന പോലെ. ചുരുട്ടിയ ഇല തിളച്ച വെള്ളത്തില്‍ ഇടുക. കുറച്ച്‌ സമയം തിളപ്പിയ്ക്കുക. തണുത്തതിന്‌ ശേഷം ഇല കുടഞ്ഞ്‌ അട എടുക്കുക. അട കഴുകുക. പാകത്തിനുള്ള വലുപ്പത്തില്‍ പൊട്ടിച്ചെടുക്കുക.


ഇത്ര പ്രശ്നള്ള കാര്യൊന്ന്വല്ല.. തോട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നാല്‍ ഈ സംഭവം പാക്കറ്റില്‍ കിട്ടും. അത്‌ വാങ്ങിക്കൊണ്ട്‌ വന്നാല്‍ മതി. ഇത്രേം കഷ്ടപ്പെടുകയൊന്നും വേണ്ട. അനുഭവം ഗുരു. :)

Saturday, April 28, 2012

ശര്‍ക്കരപ്പായസം

ശര്‍ക്കരപ്പായസം.

 ഉണക്കല്ലരി വേവിയ്ക്കുക. പകുതി വേവാകുമ്പോള്‍ ശര്‍ക്കര ഇട്ട്‌ വരട്ടുക. തേങ്ങാപ്പാല്‍ ഒഴിയ്ക്കുക. വറ്റിയതിന്‌ ശേഷം നെയ്യിടുക. നന്നായി വെന്തതിന്‌ ശേഷം ഏലക്കായ പോടിച്ചിടുക. തേങ്ങാക്കൊത്ത്‌, അണ്ടിപ്പരിപ്പ്‌, മുന്തിരി എന്നിവ നെയ്യില്‍ വറുത്തിടാവുന്നതാണ്‌.

ഇത്‌ എഴുതിക്കഴിഞ്ഞപ്പോഴേയ്ക്കും നാവില്‍ വെള്ളം വരുന്നു. പോയി ഉണ്ടാക്കി കഴിയ്ക്കട്ടെ..

Friday, January 20, 2012

ചില്ലി ഗോബി

ചില്ലി ഗോബി.

വേണ്ട സാധനങ്ങള്‍.. അല്ലെങ്കില്‍ വേണ്ട. ചെയ്യേണ്ടത്‌ ആദ്യം പറയാം.

ഇതില്‍ വെളിച്ചെണ്ണ എന്ന് പറയുന്നിടത്ത്‌ ഒലിവ്‌ എണ്ണ ഉപയോഗിയ്ക്കുന്നത്‌ ശരീരത്തിണ്റ്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌. പഴ്സിണ്റ്റെ ആരോഗ്യത്തെപ്പറ്റി എനിയ്ക്ക്‌ ഒന്നും പറയാനില്ല.

കോളിഫ്ളവര്‍ വൃത്തിയാക്കുക. ഇതളുകളായി വേര്‍പ്പെടുത്തുക. ഒരു പണി ആണ്‌ കേട്ടോ.. പുഴു ഉണ്ടോ എന്ന് വിശദമായി പരിശോധിക്കണം. ഓരോ ഫ്ലവറും ഇതള്‍ വേര്‍പ്പെടുത്തി നോക്കണം. നന്നായി കഴുകുക. ഇത്‌ ഉപ്പിട്ട്‌ വേവിക്കുക. വെള്ളം വാര്‍ത്ത്‌ കളയുക. വല്ല പുഴുവും നമ്മള്‍ നന്നാക്കുമ്പൊള്‍ വിട്ട്‌ പോയിട്ടുണ്ടെങ്കില്‍, വേവിയ്ക്കുമ്പോള്‍ പൊങ്ങി വരും. എടുത്ത്‌ കളയാന്‍ മറക്കണ്ട. അല്ലെങ്കില്‍ സസ്യാഹാരം മാംസാഹാരം ആകും. അത്രേ ഉള്ളു. ഹീ ഹീ..

അതവിടെ ഇരുന്ന് വെള്ളം വറ്റട്ടെ.. നമുക്ക്‌ വേറെ പണിയുണ്ട്‌. രണ്ട്‌ കപ്പ്‌ കോളിഫ്ലവറിനുള്ള കൂട്ടാണ്‌ പറയുന്നത്‌.

== മൈദ മൂന്ന് സ്പൂണ്‍.
== ചോളപ്പൊടി രണ്ട്‌ സ്പൂണ്‍.
== കുരുമുളക്‌ പൊടി അര സ്പൂണ്‍.
== ഉപ്പ്‌ പാകത്തിന്‌.
== വെളിച്ചെണ്ണ ഒരു സ്പൂണ്‍. സണ്‍ ഫ്ളവര്‍ എണ്ണയോ ഒലീവ്‌ എണ്ണയോ ചേര്‍ത്താലും മതി.
== വെള്ളം ആവശ്യത്തിന്‌.
== ഒരു മുട്ട വേണെങ്കില്‍ ചേര്‍ക്കാം. നല്ല സ്വാദാ..

ഇതൊക്കെ ചേര്‍ത്ത്‌ നന്നായി കുഴയ്ക്കുക. ബജ്ജിയ്ക്കുള്ള മാവ്‌ പോലെ. ഇതില്‍ നേരത്തെ വേവിച്ച്‌ വച്ച കോളിഫ്ലവര്‍ മുക്കി വെളിച്ചെണ്ണയില്‍ പോരിച്ചെടുക്കുക. എണ്ണകുടിയനാണ്‌. നന്നായി കുടിക്കും. എണ്ണ വലിച്ചെടുക്കാന്‍ പറ്റിയ കടലാസില്‍ അത്‌ വയ്ക്കുക. അവിടെ ഇരിക്കട്ടെ. നമുക്ക്‌ അടുത്ത സെക്ഷനിലേയ്ക്ക്‌ പോകാം.

== ഒരു സ്പൂണ്‍ എള്ള് (വേണമെങ്കില്‍ മതി ട്ടോ).
== ഒരു സബോള മുറിച്ചത്‌. നല്ല വീതിയില്‍ മുറിച്ചോളൂ. നല്ല ഭംഗിയില്‍ കിടക്കട്ടെ.
== ഇഞ്ചി നനുനനെ നുറുക്കിയത്‌ ഒരു സ്പൂണ്‍.
== വെളുത്തുള്ളി നീളനെ നുറുക്കിയത്‌ ഒന്നര സ്പൂണ്‍.
== പച്ചമുളക്‌ രണ്ടെണ്ണം. മൂന്നോ നാലോ ആയാലും കുഴപ്പമില്ല.

ഇതൊക്കെ വെളിച്ചെണ്ണയില്‍ പൊരിയ്ക്കുക. സബോള മൃദു ആവുന്നതാണ്‌ പാകം. ഇതിലേയ്ക്ക്‌ സോസുകള്‍ ചേര്‍ക്കണം.

== സൊയ്‌ സോസ്‌ ഒന്നര സ്പൂണ്‍.
== തക്കാളി സോസ്‌ രണ്ട്‌ സ്പൂണ്‍.
== ചുവന്ന മുളക്‌ സോസ്‌ ഒന്നര സ്പൂണ്‍. ഇതിന്‌ പകരം രണ്ട്‌ സ്പൂണ്‍ ചുവന്ന മുളക്പൊടി ഇട്ടാല്‍ മതിയെന്നെ.
== ഒരു സ്പൂണ്‍ കുരുമുളക്‌ പൊടി.

ഇതൊക്കെ ആ പൊരിഞ്ഞുകൊണ്ടിരിയ്ക്കുന്നതില്‍ ചേര്‍ക്കുക. തീ നല്ലപോലെ കുറയ്ക്കണം. അല്ലെങ്കില്‍ സോസൊക്കെ കരിഞ്ഞ്‌ നാശമാകും. ഗ്രേവി വേണ്ടവര്‍ക്ക്‌ വെള്ളം ചേര്‍ക്കാം. ഗ്രേവി ഇല്ലാതിരിയ്ക്കുന്നതാ നല്ലത്‌..

ഇനി കുറേശ്ശെ കുറേശ്ശെ ആയി നമ്മള്‍ ഫ്രൈ ചെയ്ത്‌ വച്ച കോളിഫ്ലവര്‍ ചേര്‍ത്ത്‌ നന്നായി ഇളക്കുക. സോസുകള്‍ എല്ലാം കോളിഫ്ലവറില്‍ പിടിയ്ക്കണം.

മല്ലിയിലയും സ്പ്രിംഗ്‌ ഒണിയനും(ഇതിണ്റ്റെ മലയാളം അറിയാവുന്നവര്‍ പറഞ്ഞു തരണേ) മുകളില്‍ വിതറിയാല്‍ നല്ല ഭംഗിയുണ്ടാകും.

ചൂടോടെ കഴിച്ചാല്‍ നല്ലത്‌. അല്ലെങ്കില്‍ തണുത്ത മുളകു ബജ്ജി പോലെ ഇരിയ്ക്കും.

ഞാനിതൊന്നു ഉണ്ടാക്കി എടുക്കാന്‍ രണ്ട്‌ മണിക്കൂറ്‍ എടുത്തു. എന്നാലും സംഭവം ഒന്നൊന്നര ആയിരുന്നു..

കൊളസ്റ്റ്രോള്‍ ഉള്ളവര്‍ മാസത്തില്‍ ഒരു തവണ കഴിച്ചാല്‍ മതി. കൊളസ്റ്റ്രോളിന്‌ ഗുളിക കഴിയ്ക്കുന്നുണ്ടെങ്കില്‍ ഇതു കഴിയ്ക്കുകയേ വേണ്ട. വെറുതേ എന്തിനാ ഞാനായിട്ട്‌ ഒരാളെ കൊല്ലാന്‍ കൂട്ട്‌ നില്‍ക്കുന്നത്‌? ഹീ ഹീ..

Tuesday, January 17, 2012

ചൂടന്‍ പട്ടിയും അല്‍പ്പം പൊടിക്കൈകളും

ചൂടന്‍ പട്ടിയും അല്‍പ്പം പൊടിക്കൈകളും ....

ഹോട്ട്‌ ഡോഗിണ്റ്റെ കാര്യം ആണ്‌ ഉദ്ദേശിച്ചത്‌. :)

== കായ വറുക്കുന്നതു പോലെ വറുക്കാം.

== നാലായി നുറുക്കി, ഉള്ളി മൂപ്പിച്ച്‌ മെഴുക്കുപുരട്ടി ആക്കാം..

== വട്ടനെ നുറുക്കി സാണ്റ്റ്‌ വിച്ചിനുള്ളിലും ബര്‍ഗ്ഗറിലും വയ്ക്കാം.

== തണുപ്പ്‌ മാറിയാല്‍ കുഴച്ച്‌ കട്ലറ്റ്‌ ഉണ്ടാക്കാനുപയോഗിക്കാം.

== അവിയലിനു നുറുക്കുന്ന പോലെ നീളത്തില്‍ നുറുക്കി, മസാലയും തൈരും ചേര്‍ത്ത്‌, രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന്‌ ശേഷം, രാവിലെ അല്ലെങ്കില്‍ ഉച്ചയ്ക്ക്‌, അല്‍പ്പം വെളിച്ചെണ്ണ ചൂടാക്കി, അതില്‍ ഇട്ട്‌, രണ്ട്‌ സൈഡും ചുവപ്പ്‌ നിറമാകുമ്പോള്‍ എടുക്കുക. ചിക്കന്‍ ടീക്ക മസാല ആണ്‌ ചേര്‍ത്തതെങ്കില്‍, അടിപോളി ചിക്കന്‍ ടീക്ക കഴിക്കാം.. :)

== സാധാരണ ചിക്കന്‍ കറി ഉണ്ടാക്കാനും ഇതു ഉപയോഗിക്കാം.