Wednesday, December 12, 2012

പുഴുക്ക്‌

പുഴുക്ക്‌

ചക്ക / ചേനയും മുതിരയും / കൊള്ളി അഥവാ കപ്പ / പിന്നെ നല്ല ചേരുവകള്‍ ഉണ്ടെങ്കില്‍ അത്‌..
ഇതില്‍ ഏതെങ്കിലും മതി ട്ടൊ..

കഷ്ണങ്ങളും അല്‍പ്പം മഞ്ഞപ്പൊടിയും ഉപ്പും ഇട്ട്‌  ആവ്ശ്യത്തിന്‌  വെള്ളം ഒഴിച്ച്‌ വേവിയ്ക്കുക .

നാളികേരം ജീരകം എന്നിവ അരച്ചതും, നാളികേരം, ഉള്ളി, പച്ചമുളക്‌ എന്നിവ ചതച്ചതും ചേര്‍ത്ത്‌ തിളപ്പിയ്ക്കുക.

പാകമാകുമ്പോള്‍ പച്ച വെളിച്ചെണ്ണ ഒഴിയ്ക്കുക.
കറിവേപ്പില ഇടുക.
സംഭവം റെഡി..

കഞ്ഞിയുടെ കൂടെ കഴിയ്ക്കാം. ചുമ്മാ കോരിക്കഴിയ്ക്കാം.. ചപ്പാത്തിയുടെ കൂടെ വരെ കൂട്ടിക്കഴിയ്ക്കാം.. അതൊക്കെ ഉണ്ടാക്കുന്നവരുടേം കഴിയ്ക്കുന്നവരുടേം ഇഷ്ടം..

***

ഉണ്ണിയപ്പം

ഞാനിന്ന് ഉണ്ണിയപ്പം ഉണ്ടാക്കി. ആദ്യ പ്രയത്നം ആണ്‌ ട്ടൊ.. പരീക്ഷണം തന്നെ.. കാരോല്‍ വാങ്ങി വച്ചിട്ട്‌ ഇതു വരെ പൊതി തുറന്നിട്ടില്ലായിരുന്നു. അഞ്ച്‌ കുഴികള്‍ ഉള്ള കാരോല്‍ ആണ്‌. ആദ്യം ഉണ്ടാക്കിയത്‌ , അഞ്ച്‌  എണ്ണവും കരിഞ്ഞു. ഹിഹി.. പിന്നെ ഉണ്ടാക്കിയ അഞ്ചെണ്ണം നന്നായി. കുറ്റം പറയാതെ കെട്ട്യോന്‍ കഴിച്ചു. അതാണ്‌ അതിണ്റ്റെ ഹൈലൈറ്റ്‌.. .

 അപ്പൊ നമുക്കു തുടങ്ങാം? ഉണ്ണിയപ്പം അഥവാ കാരോലപ്പം ..

നമുക്ക്‌ ആവശ്യമായ കൂട്ടുകള്‍ താഴെപ്പറയുന്നവയാണ്‌.. :

ശര്‍ക്കര ഉരുക്കിയത്‌ - ആവശ്യത്തിന്‌(അധികം ആയാല്‍ അടി പിടിയ്ക്കും, മൃദുത്വം കുറയും).
ഒരു കപ്പ്‌ അരിപ്പൊടിയ്ക്ക്‌ ഒരു കപ്പിണ്റ്റെ മൂന്നിലൊന്ന് മൈദ ( മൃദു ആകാന്‍)
നാളികേരക്കൊത്ത്‌ (സ്വാദിന്‌).. )
മൂന്ന് ഏലക്കായ പൊടിച്ചത്‌..

ഈ പറഞ്ഞവയൊക്കെ കോരി ഒഴിയ്ക്കാവുന്ന പരുവത്തില്‍ കുറുക്കി എടുക്കുക. ആറുമുതല്‍ എട്ട്‌ വരെ മണിക്കൂറുകള്‍ ഇതു അവിടെ ഇരിക്കട്ടെ.

അപ്പക്കാര അഥവാ കാരോലില്‍ നിറയെ എണ്ണ(സണ്‍ഫ്ളവര്‍, വെളിച്ചെണ്ണ, ഏതെങ്കിലും മതി) ഒഴിയ്ക്കുക (ഡാല്‍ഡയോ നെയ്യോ ചേര്‍ക്കാവുന്നതാണ്‌ ). ചൂടാക്കുക.
പാകത്തിന്‌ ചൂടായാല്‍ നമ്മുടെ മിശ്രിതം കോരി ഒഴിയ്ക്കുക.
തിളച്ച്‌ പൊന്തുമ്പോള്‍ മറിച്ചിടുക. രണ്ട്‌ ഭാഗമായാല്‍ പപ്പടം കുത്തി കൊണ്ടോ സ്പൂണുകൊണ്ടോ കുത്തി എടുക്കാവുന്നതാണ്‌. ഒരു കടലാസില്‍ ഇട്ട്‌ എണ്ണ വലിച്ചെടുക്കുന്നത്‌ നല്ലതായിരിയ്ക്കും. എണ്ണകുടിയന്‍ ആണ്‌ അപ്പം.

വേറെ ഒരു പരിപാടി കൂടെ ചെയ്യാവുന്നതാണ്‌. അരിപ്പൊടിയ്ക്ക്‌ പകരം ഗോതമ്പ്‌ പൊടി(ആട്ട), റവ എന്നിവയുടെ കൂട്ട്‌ ഉപയോഗിക്കാം. ഇതാവുമ്പോള്‍ ഒരു മണിക്കൂറ്‍ വച്ചാല്‍ മതി. പെട്ടെന്ന് ഉണ്ടാക്കി തുടങ്ങാം.

***

Tuesday, May 1, 2012

അടപ്രഥമന്‍

അടപ്രഥമന്‍.


ശര്‍ക്കര ഉരുക്കുക. പൂഴി കളയുക. അരിച്ചാല്‍ പൂഴി പോകില്ല. ഇത്‌  അമ്മ എന്നോട്‌ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. അരിച്ചുമില്ല. പൂഴി ഉണ്ടായിരുന്നതായി എനിക്ക്‌ തോന്നിയതും ഇല്ല. രണ്ടാമത്‌ ഉണ്ടാക്കിയപ്പോള്‍ ചുമ്മാ ശര്‍ക്കര ഉരുക്കിയതിന്‌ ശേഷം വേറെ പാത്രത്തിലേയ്ക്ക്‌ ആക്കി. നോക്കിയപ്പൊ ആദ്യ പാത്രത്തിണ്റ്റെ അടിയില്‍ പൂഴി ഉണ്ടായിരുന്നു. ഇതാണ്‌ പറയുന്നത്‌, മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക, ആദ്യം കയ്ക്കും, പിന്നേം കയ്ക്കും എന്ന്‌. :)


അടുപ്പത്തിരിയ്ക്കുന്ന ഈ ശര്‍ക്കര വെള്ളത്തില്‍, ശര്‍ക്കരയുടെ അത്ര തന്നെ അടയും ഇടുക. അല്‍പ്പം നെയ്യും ഒഴിയ്ക്കുക. നന്നായി വേവട്ടെ. ശര്‍ക്കരയുടെ പച്ച മണം പോകുകയും വേണം.


അട പാകം ആകുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിയ്ക്കുക. നല്ല കട്ടിയുള്ള പാല്‍ ആണ്‌ നല്ലത്‌. അധികം വെള്ളമായാല്‍ വറ്റാന്‍ സമയം എടുക്കും. പാലിന്‌ കട്ടി കുറഞ്ഞാല്‍ പായസത്തിന്‌ സ്വാദ്‌ കുറയും. പാകത്തിന്‌ വറ്റിയ്ക്കുക.


തേങ്ങാക്കൊത്ത്‌, അണ്ടിപ്പരിപ്പ്‌ മുന്തിരി എന്നിവ നെയ്യില്‍ വറുത്തിടാം. ആ നെയ്യ്‌ പായസത്തില്‍ ഒഴിയ്ക്കണ്ട. സ്വാദ്‌ കുറയും. ഒഴിച്ചാലും കുഴപ്പമില്ല കേട്ടോ..


ഏലക്കായ പൊടിച്ചിടുക. പായസം തയ്യാര്‍.. :)


ഇനി, അട ഉണ്ടാക്കേണ്ട വിധം.. അരിപ്പൊടി, വെളിച്ചെണ്ണ ഒഴിച്ച്‌ ലൂസായി കുഴയ്ക്കുക.  വാഴയിലയില്‍ അണിയുക. ഇല ചുരുട്ടുക. ചുരുട്ടിക്കൂട്ടരുത്‌ ട്ടോ.. ഒരു കുഴല്‍ പോലെ ചുരുട്ട്യാ മതി. നമ്മള്‍ പരീക്ഷാപേപ്പര്‍ ചുളിവു വീഴാതെ ചുരുട്ടുന്ന പോലെ. ചുരുട്ടിയ ഇല തിളച്ച വെള്ളത്തില്‍ ഇടുക. കുറച്ച്‌ സമയം തിളപ്പിയ്ക്കുക. തണുത്തതിന്‌ ശേഷം ഇല കുടഞ്ഞ്‌ അട എടുക്കുക. അട കഴുകുക. പാകത്തിനുള്ള വലുപ്പത്തില്‍ പൊട്ടിച്ചെടുക്കുക.


ഇത്ര പ്രശ്നള്ള കാര്യൊന്ന്വല്ല.. തോട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നാല്‍ ഈ സംഭവം പാക്കറ്റില്‍ കിട്ടും. അത്‌ വാങ്ങിക്കൊണ്ട്‌ വന്നാല്‍ മതി. ഇത്രേം കഷ്ടപ്പെടുകയൊന്നും വേണ്ട. അനുഭവം ഗുരു. :)

Saturday, April 28, 2012

ശര്‍ക്കരപ്പായസം

ശര്‍ക്കരപ്പായസം.

 ഉണക്കല്ലരി വേവിയ്ക്കുക. പകുതി വേവാകുമ്പോള്‍ ശര്‍ക്കര ഇട്ട്‌ വരട്ടുക. തേങ്ങാപ്പാല്‍ ഒഴിയ്ക്കുക. വറ്റിയതിന്‌ ശേഷം നെയ്യിടുക. നന്നായി വെന്തതിന്‌ ശേഷം ഏലക്കായ പോടിച്ചിടുക. തേങ്ങാക്കൊത്ത്‌, അണ്ടിപ്പരിപ്പ്‌, മുന്തിരി എന്നിവ നെയ്യില്‍ വറുത്തിടാവുന്നതാണ്‌.

ഇത്‌ എഴുതിക്കഴിഞ്ഞപ്പോഴേയ്ക്കും നാവില്‍ വെള്ളം വരുന്നു. പോയി ഉണ്ടാക്കി കഴിയ്ക്കട്ടെ..

Friday, January 20, 2012

ചില്ലി ഗോബി

ചില്ലി ഗോബി.

വേണ്ട സാധനങ്ങള്‍.. അല്ലെങ്കില്‍ വേണ്ട. ചെയ്യേണ്ടത്‌ ആദ്യം പറയാം.

ഇതില്‍ വെളിച്ചെണ്ണ എന്ന് പറയുന്നിടത്ത്‌ ഒലിവ്‌ എണ്ണ ഉപയോഗിയ്ക്കുന്നത്‌ ശരീരത്തിണ്റ്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌. പഴ്സിണ്റ്റെ ആരോഗ്യത്തെപ്പറ്റി എനിയ്ക്ക്‌ ഒന്നും പറയാനില്ല.

കോളിഫ്ളവര്‍ വൃത്തിയാക്കുക. ഇതളുകളായി വേര്‍പ്പെടുത്തുക. ഒരു പണി ആണ്‌ കേട്ടോ.. പുഴു ഉണ്ടോ എന്ന് വിശദമായി പരിശോധിക്കണം. ഓരോ ഫ്ലവറും ഇതള്‍ വേര്‍പ്പെടുത്തി നോക്കണം. നന്നായി കഴുകുക. ഇത്‌ ഉപ്പിട്ട്‌ വേവിക്കുക. വെള്ളം വാര്‍ത്ത്‌ കളയുക. വല്ല പുഴുവും നമ്മള്‍ നന്നാക്കുമ്പൊള്‍ വിട്ട്‌ പോയിട്ടുണ്ടെങ്കില്‍, വേവിയ്ക്കുമ്പോള്‍ പൊങ്ങി വരും. എടുത്ത്‌ കളയാന്‍ മറക്കണ്ട. അല്ലെങ്കില്‍ സസ്യാഹാരം മാംസാഹാരം ആകും. അത്രേ ഉള്ളു. ഹീ ഹീ..

അതവിടെ ഇരുന്ന് വെള്ളം വറ്റട്ടെ.. നമുക്ക്‌ വേറെ പണിയുണ്ട്‌. രണ്ട്‌ കപ്പ്‌ കോളിഫ്ലവറിനുള്ള കൂട്ടാണ്‌ പറയുന്നത്‌.

== മൈദ മൂന്ന് സ്പൂണ്‍.
== ചോളപ്പൊടി രണ്ട്‌ സ്പൂണ്‍.
== കുരുമുളക്‌ പൊടി അര സ്പൂണ്‍.
== ഉപ്പ്‌ പാകത്തിന്‌.
== വെളിച്ചെണ്ണ ഒരു സ്പൂണ്‍. സണ്‍ ഫ്ളവര്‍ എണ്ണയോ ഒലീവ്‌ എണ്ണയോ ചേര്‍ത്താലും മതി.
== വെള്ളം ആവശ്യത്തിന്‌.
== ഒരു മുട്ട വേണെങ്കില്‍ ചേര്‍ക്കാം. നല്ല സ്വാദാ..

ഇതൊക്കെ ചേര്‍ത്ത്‌ നന്നായി കുഴയ്ക്കുക. ബജ്ജിയ്ക്കുള്ള മാവ്‌ പോലെ. ഇതില്‍ നേരത്തെ വേവിച്ച്‌ വച്ച കോളിഫ്ലവര്‍ മുക്കി വെളിച്ചെണ്ണയില്‍ പോരിച്ചെടുക്കുക. എണ്ണകുടിയനാണ്‌. നന്നായി കുടിക്കും. എണ്ണ വലിച്ചെടുക്കാന്‍ പറ്റിയ കടലാസില്‍ അത്‌ വയ്ക്കുക. അവിടെ ഇരിക്കട്ടെ. നമുക്ക്‌ അടുത്ത സെക്ഷനിലേയ്ക്ക്‌ പോകാം.

== ഒരു സ്പൂണ്‍ എള്ള് (വേണമെങ്കില്‍ മതി ട്ടോ).
== ഒരു സബോള മുറിച്ചത്‌. നല്ല വീതിയില്‍ മുറിച്ചോളൂ. നല്ല ഭംഗിയില്‍ കിടക്കട്ടെ.
== ഇഞ്ചി നനുനനെ നുറുക്കിയത്‌ ഒരു സ്പൂണ്‍.
== വെളുത്തുള്ളി നീളനെ നുറുക്കിയത്‌ ഒന്നര സ്പൂണ്‍.
== പച്ചമുളക്‌ രണ്ടെണ്ണം. മൂന്നോ നാലോ ആയാലും കുഴപ്പമില്ല.

ഇതൊക്കെ വെളിച്ചെണ്ണയില്‍ പൊരിയ്ക്കുക. സബോള മൃദു ആവുന്നതാണ്‌ പാകം. ഇതിലേയ്ക്ക്‌ സോസുകള്‍ ചേര്‍ക്കണം.

== സൊയ്‌ സോസ്‌ ഒന്നര സ്പൂണ്‍.
== തക്കാളി സോസ്‌ രണ്ട്‌ സ്പൂണ്‍.
== ചുവന്ന മുളക്‌ സോസ്‌ ഒന്നര സ്പൂണ്‍. ഇതിന്‌ പകരം രണ്ട്‌ സ്പൂണ്‍ ചുവന്ന മുളക്പൊടി ഇട്ടാല്‍ മതിയെന്നെ.
== ഒരു സ്പൂണ്‍ കുരുമുളക്‌ പൊടി.

ഇതൊക്കെ ആ പൊരിഞ്ഞുകൊണ്ടിരിയ്ക്കുന്നതില്‍ ചേര്‍ക്കുക. തീ നല്ലപോലെ കുറയ്ക്കണം. അല്ലെങ്കില്‍ സോസൊക്കെ കരിഞ്ഞ്‌ നാശമാകും. ഗ്രേവി വേണ്ടവര്‍ക്ക്‌ വെള്ളം ചേര്‍ക്കാം. ഗ്രേവി ഇല്ലാതിരിയ്ക്കുന്നതാ നല്ലത്‌..

ഇനി കുറേശ്ശെ കുറേശ്ശെ ആയി നമ്മള്‍ ഫ്രൈ ചെയ്ത്‌ വച്ച കോളിഫ്ലവര്‍ ചേര്‍ത്ത്‌ നന്നായി ഇളക്കുക. സോസുകള്‍ എല്ലാം കോളിഫ്ലവറില്‍ പിടിയ്ക്കണം.

മല്ലിയിലയും സ്പ്രിംഗ്‌ ഒണിയനും(ഇതിണ്റ്റെ മലയാളം അറിയാവുന്നവര്‍ പറഞ്ഞു തരണേ) മുകളില്‍ വിതറിയാല്‍ നല്ല ഭംഗിയുണ്ടാകും.

ചൂടോടെ കഴിച്ചാല്‍ നല്ലത്‌. അല്ലെങ്കില്‍ തണുത്ത മുളകു ബജ്ജി പോലെ ഇരിയ്ക്കും.

ഞാനിതൊന്നു ഉണ്ടാക്കി എടുക്കാന്‍ രണ്ട്‌ മണിക്കൂറ്‍ എടുത്തു. എന്നാലും സംഭവം ഒന്നൊന്നര ആയിരുന്നു..

കൊളസ്റ്റ്രോള്‍ ഉള്ളവര്‍ മാസത്തില്‍ ഒരു തവണ കഴിച്ചാല്‍ മതി. കൊളസ്റ്റ്രോളിന്‌ ഗുളിക കഴിയ്ക്കുന്നുണ്ടെങ്കില്‍ ഇതു കഴിയ്ക്കുകയേ വേണ്ട. വെറുതേ എന്തിനാ ഞാനായിട്ട്‌ ഒരാളെ കൊല്ലാന്‍ കൂട്ട്‌ നില്‍ക്കുന്നത്‌? ഹീ ഹീ..

Tuesday, January 17, 2012

ചൂടന്‍ പട്ടിയും അല്‍പ്പം പൊടിക്കൈകളും

ചൂടന്‍ പട്ടിയും അല്‍പ്പം പൊടിക്കൈകളും ....

ഹോട്ട്‌ ഡോഗിണ്റ്റെ കാര്യം ആണ്‌ ഉദ്ദേശിച്ചത്‌. :)

== കായ വറുക്കുന്നതു പോലെ വറുക്കാം.

== നാലായി നുറുക്കി, ഉള്ളി മൂപ്പിച്ച്‌ മെഴുക്കുപുരട്ടി ആക്കാം..

== വട്ടനെ നുറുക്കി സാണ്റ്റ്‌ വിച്ചിനുള്ളിലും ബര്‍ഗ്ഗറിലും വയ്ക്കാം.

== തണുപ്പ്‌ മാറിയാല്‍ കുഴച്ച്‌ കട്ലറ്റ്‌ ഉണ്ടാക്കാനുപയോഗിക്കാം.

== അവിയലിനു നുറുക്കുന്ന പോലെ നീളത്തില്‍ നുറുക്കി, മസാലയും തൈരും ചേര്‍ത്ത്‌, രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന്‌ ശേഷം, രാവിലെ അല്ലെങ്കില്‍ ഉച്ചയ്ക്ക്‌, അല്‍പ്പം വെളിച്ചെണ്ണ ചൂടാക്കി, അതില്‍ ഇട്ട്‌, രണ്ട്‌ സൈഡും ചുവപ്പ്‌ നിറമാകുമ്പോള്‍ എടുക്കുക. ചിക്കന്‍ ടീക്ക മസാല ആണ്‌ ചേര്‍ത്തതെങ്കില്‍, അടിപോളി ചിക്കന്‍ ടീക്ക കഴിക്കാം.. :)

== സാധാരണ ചിക്കന്‍ കറി ഉണ്ടാക്കാനും ഇതു ഉപയോഗിക്കാം.

Friday, January 6, 2012

കടപട

കടപട..

ഇത്‌ ഒരു പാലക്കാടന്‍ വിഭവമാണ്‌. എണ്റ്റെ അയല്‍പക്കത്തെ ചേച്ചി പണ്ട്‌ ഉണ്ടാക്കുന്നത്‌ കണ്ട്‌ പഠിച്ചതാണ്‌.

ഇന്ന് രാവിലെ എണീറ്റപ്പോ വൈകി. വെള്ളിയാഴ്ചകള്‍ അങ്ങനെയാണ്‌ ഇവിടെ. നോക്കുമ്പോള്‍, ദോശമാവ്‌ വളരെ കുറച്ചേ ഉള്ളൂ. ചപ്പാത്തി ഉണ്ടാക്കാനൊന്നും സമയമില്ല. അപ്പോഴാണ്‌ കടപടയെ ഓര്‍മ്മ വന്നത്‌.

വേണ്ട ഐറ്റംസ്‌..
സബോള ഒന്ന്.
ഇഞ്ചി ചെറിയ കഷ്ണം.
പച്ച മുളക്‌ രണ്ടെണ്ണം.
മുളകുപൊടി ഒരു സ്പൂണ്‍.
ഇതൊക്കെ നുറുക്കി മാവിലിടുക. ദോശമാവില്‍.
ഉപ്പ്‌ സ്വാദിന്‌ ചേര്‍ക്കുക.


ഗോതമ്പ്‌ പോടി ഇഷ്ടമുണ്ടെങ്കില്‍ കലക്കാം. അല്ലെങ്കില്‍ വേണ്ട.
സാധാരണ ദോശ ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കുക.

കടുക്‌ വറുക്കാത്ത ചമ്മന്തി ആണ്‌ കൂട്ടി കഴിക്കാന്‍ ബെസ്റ്റ്‌..

Thursday, January 5, 2012

ആലൂ പൊറോട്ട

ആലൂ പൊറോട്ട

ഇത്തവണ ഓഫറില്‍ കിട്ടിയത്‌ ഉരുളക്കിഴങ്ങാണ്‌. ഇനി അത്‌ വച്ചുള്ള പരീക്ഷണങ്ങള്‍ ആകട്ടെ എന്ന്‌ വച്ചു. ഓര്‍ത്തപ്പോള്‍ എണ്റ്റെ ഇഷ്ട വിഭവമായ ആലൂ പൊറോട്ട തന്നെ മനസ്സില്‍ വന്നു. എന്നാ തുടങ്ങാം? അറിയാമെങ്കിലും വായിയ്ക്കൂ.. എന്നിട്ട്‌ അഭിപ്രായം പറയൂ..

ഒരു ഉരുളക്കിഴങ്ങ്‌ വേവിച്ച്‌ ഉടച്ചത്‌.
ഒരു സബോള നനു നനെ അരിഞ്ഞത്‌(വേണെങ്കില്‍ മതി. )
ഒരു വെളുത്തുള്ളി ഇഷ്ടമുണ്ടെങ്കില്‍ നനു നനെ അരിഞ്ഞു ചേര്‍ക്കാം.
മല്ലിയില നനു നനെ അരിഞ്ഞത്‌ രണ്ട്‌ സ്പൂണ്‍.
നനു നനെ അരിഞ്ഞ ഒരു ചെറിയ കഷ്ണം ഇഞ്ചി.
ഉപ്പ്‌, മുളകുപൊടി, ഗരം മസാല എന്നിവ ആവശ്യത്തിന്‌(സ്വാദിന്‌).

ഇതൊക്കെ ഒരുമിച്ച്‌ ചേര്‍ത്ത്‌ നന്നായി കുഴയ്ക്കുക. മാറ്റി വച്ചേക്കു..

ഇനി നമുക്ക്‌ രണ്ട്‌ ചപ്പാത്തി ഉണ്ടാക്കാം. സാധാരണ നമ്മള്‍ ഉണ്ടാക്കുന്ന ചപ്പാത്തി തന്നെ. ഗോതമ്പ്‌ പോടി കുഴച്ചുണ്ടാക്കുന്ന സംഭവം. ഹീ ഹീ.. ഇത്തിരി കട്ടി കൂട്ടി ഉണ്ടാക്കിക്കോളൂ ട്ടോ.


ഇനി ഒരു ചപ്പാത്തിയുടെ മുകളില്‍ നമ്മുടെ കുഴച്ചു വച്ച സംഭവം വയ്ക്കുക. മറ്റേ ചപ്പാത്തി അതിണ്റ്റെ മുകളില്‍ വയ്ക്കുക. മനസ്സിലായില്ലേ? രണ്ടു ചപ്പാത്തിക്കിടയില്‍ സ്റ്റഫ്‌ ചെയ്ത്‌ വക്കാന്‍.... ഇത്‌ മൃദുവായി പരത്തുക. നല്ല വലുപ്പം വരും. നമ്മുടെ ഫ്രയിംഗ്‌ പാനിണ്റ്റെ വലുപ്പം മനസ്സില്‍ വേണം ട്ടോ.. വക്ക്‌ ഒട്ടിച്ച്‌ വക്കാന്‍ മറക്കണ്ട. അല്ലെങ്കില്‍ ഉരുളക്കിഴങ്ങൊക്കെ പുറത്തേയ്ക്ക്‌ വരും..


ഇനി ഇതു ചുട്ടെടുക്കണം. രണ്ട്‌ വഴി ഉണ്ട്‌. ഒന്നുകില്‍ നമ്മള്‍ ചപ്പാത്തി ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കുക. അല്ലെങ്കില്‍, നാനൂറ്റമ്പത്‌ ഡിഗ്രീയില്‍ ചൂടാക്കിയ ഓവനില്‍ വച്ച്‌ പാകം ചെയ്യാം. ഓവന്‍ ഗ്രില്ലിണ്റ്റെ മുകളില്‍ ഒരു അലുമിനിയം ഫോയില്‍ വച്ചാല്‍ നന്നായിരിയ്ക്കും. ഒരു ഭാഗം ഒകെ ആയാല്‍ തിരിച്ചിട്ട്‌ മറ്റേ ഭാഗവും കൂടെ വേവിക്കാന്‍ മറക്കരുത്‌.


വെന്ത്‌ കഴിഞ്ഞാല്‍ ഇതിണ്റ്റെ മുകളില്‍ അല്‍പ്പം വെണ്ണ അല്ലെങ്കില്‍ നെയ്യ്‌ പുരട്ടുക. സംഭവം റെഡി.


ഇത്‌ കൂട്ടിക്കഴിക്കാന്‍ പറ്റിയ സാധനം തൈരാണ്‌. ചൂടോടെ കഴിച്ചേക്കണം...

Tuesday, January 3, 2012

ഒരു ഉഡായിപ്പ്‌ ലഘുഭക്ഷണം

ഒരു ഉഡായിപ്പ്‌ ലഘുഭക്ഷണം...

രാവിലെ ഉണ്ടാക്കിയ ഇഡലി ബാക്കിയായാല്‍ ചെയ്യാവുന്ന ഒരു കുറുക്കു വിദ്യ. 2 മുട്ട കൂടെ വേണം. 3ഇഡലിയ്ക്ക്‌ 2മുട്ട.


ഇഡലിയോ മുട്ടയോ ഇഷ്ടമില്ലാത്തവര്‍ പരീക്ഷിക്കണ്ട.


2 മുട്ട പൊട്ടിച്ച്‌ ഒരു പാത്രത്തില്‍ ഒഴിയ്ക്കുക.

ഉപ്പ്‌ - ആവശ്യത്തിന്‌ .

ഒരു അല്ലി വെള്ളുള്ളി നനു നനെ അരിഞ്ഞത്‌ (വേണമെങ്കില്‍ മതി) .

4-5കറിവേപ്പില നനു നനെ അരിഞ്ഞത്‌.

ഇത്രേം നന്നായി യോജിപ്പിക്കുക.



ഇഡലി കഷ്ണങ്ങളായി നുറുക്കുക. അതില്‍ അല്‍പ്പം ഉപ്പ്‌, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത്‌ ഇളക്കുക. ഇതിലേയ്ക്ക്‌ ആദ്യം യോജിപ്പിച്ച്‌ വച്ചത്‌ ചേര്‍ത്ത്‌ ഒരു മയത്തില്‍ ഒക്കെ ഇളക്കുക. ഇഡലി കഷ്ണങ്ങള്‍ പൊടിഞ്ഞ്‌ കുഴയരുത്‌.


ഒരു ഫ്രയിംഗ്‌ പാനില്‍ അല്‍പ്പം വെളിച്ചെണ്ണ ചൂടാക്കി, അതില്‍ ഈ മിശ്രിതം ഒഴിക്കുക. സ്ക്രാംബ്ള്‍ഡ്‌ എഗ്ഗ്‌ (മുട്ട കൊത്തിപ്പൊരി) ഉണ്ടാക്കുന്ന പോലെ ഇളക്കി പൊരിച്ചെടുക്കുക. മുട്ട പൊരിഞ്ഞ മണം വരൂമ്പോള്‍ സംഭവം തയ്യാര്‍ എന്ന്‌ മനസ്സിലാക്കാം.

Monday, January 2, 2012

പരീക്ഷണശാല




എന്തായാലും വീട്ടില്‍ വെറുതെ ഇരിയ്ക്കുന്നു. അപ്പോഴാണ്‌ അടുക്കള എന്നെ മാടി വിളിക്കുന്നത്‌. ഞാന്‍ മടിച്ചു നിന്നില്ല. എന്നാപ്പിന്നെ വിശേഷങ്ങള്‍ കൂട്ടുകാരോടും കൂടെ പറഞ്ഞാലെന്താ? അല്ലേ?

അടുക്കളയിലേയ്ക്ക്‌ എല്ലാര്‍ക്കും സ്വാഗതം..